National
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൽനിനോ പ്രതിഭാസത്തെത്തുടർന്നുള്ള മഴക്കുറവാണ് വരൾച്ചയിലേക്കു നയിക്കുന്നത്.
കൊടും ചൂടിൽ സംസ്ഥാനത്ത് വൻതോതിൽ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അവലോകനം പൂർത്തിയാക്കും. ഇതിനുശേഷം ഔദ്യോഗിക സർവേനടത്തി സാമ്പത്തികസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ചനേരിടുന്ന മേഖലകളിൽ കുടിവെള്ളവും കാലിത്തീറ്റയും ഉറപ്പാക്കും. കൂടുതൽ സമയം വൈദ്യുതി നൽകാനും തീരുമാനമായിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളുടെ സുതാര്യതയും നിലവാരവും പരിശോധിച്ച് ആവശ്യമായ ശിപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ ഇതുവരെയുള്ള കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം.
ഉന്നതാധികാര സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുവരെയുള്ള കണ്ടെത്തൽ സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണു ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.
പരീക്ഷാസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദഗ്ധരുടെ ഉപദേശം പരിഗണിക്കണമെന്നും വാദത്തിനിടെ കോടതി പറഞ്ഞു. കൂടാതെ ശിപാർശകൾ കടലാസിൽ മാത്രമായി ഒതുങ്ങരുതെന്നും അവ കൃത്യമായി നടപ്പാക്കണമെന്നും ബെഞ്ച് നിർദേ ശിച്ചു.
2026ലെ നീറ്റ് പരീക്ഷ ക്രമക്കേടിനെത്തുടർന്ന് ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനക്ഷമത ഉൾപ്പടെയുള്ള വിഷയങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ ശിപാർശകൾ കൈമാറുന്നതിനും കേന്ദ്രസർക്കാരാണ് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ നിയമിച്ചത്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നേരിട്ടു റിപ്പോർട്ട് ചെയ്യുമെന്ന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ കമ്പനികളുടെ മാതൃകമ്പനിയായ മെറ്റ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോ-ഓർഡിനേഷൻ സെന്ററിനാണ് വിവരങ്ങൾ കൈമാറുക.
Tech
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കേസുകളും ഇനി നേരിട്ട് ഇന്ത്യൻ ക്രമസമാധാന ഏജൻസികൾക്കും സൈബർ ക്രൈം പോർട്ടലിനും (I4C) റിപ്പോർട്ട് ചെയ്യാൻ മെറ്റയുടെ സമ്മതം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
മുൻപ് യുഎസ് അധിഷ്ഠിത ഏജൻസി (NCMEC) വഴിയായിരുന്നു വിവരങ്ങൾ കൈമാറിയിരുന്നത്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് "തീർത്തും വിട്ടുവീഴ്ചയില്ലാത്തതും പ്രാഥമികവുമായ കടമയാണ്" എന്ന കേന്ദ്ര സർക്കാരിന്റെ കർശന നിലപാടിനെ തുടർന്നാണ് ഈ തീരുമാനം.
ഇത്തരമൊരു നേരിട്ടുള്ള റിപ്പോർട്ടിംഗ് സംവിധാനത്തിന് (Direct Reporting Pipeline) തയ്യാറാകുന്ന ഇന്ത്യയിലെ ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനിയാണ് മെറ്റ.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയാൽ അത് ഉടൻ തന്നെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) പോർട്ടൽ വഴി പൊലീസിന് കൈമാറും.
വ്യാജ വാർത്തകൾ, ഡീപ് ഫെയ്ക്കുകൾ, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവ തടയാൻ പരാജയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
മെറ്റ മാത്രമല്ല, മറ്റ് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും ഇത്തരം അനധികൃത ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങളും ഉള്ളടക്കങ്ങളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യതയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് സുരക്ഷിത താവളം നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് മെറ്റയുടെ ഈ പുതിയ നീക്കം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായകമായ ആദ്യ ചുവടുവെപ്പാണിതെങ്കിലും കൂടുതൽ കർശനമായ പ്രതിരോധ നടപടികൾ ഇനിയും ആവശ്യമാണെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
National
ന്യൂഡല്ഹി: ഇന്ത്യയുടെ വടക്കന് അതിര്ത്തികളില് ചൈന തങ്ങളുടെ സൈനികവിന്യാസം കുറച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ 2025-26 വാര്ഷിക റിപ്പോര്ട്ട്.
വര്ഷങ്ങളായി തര്ക്കത്തിലുള്ള യഥാര്ഥ നിയന്ത്രണരേഖയില് (എല്എസി) 2025ല് ചൈനയുടെ പീപ്പിള്സ് ലിബറേഷന് ആര്മിയുടെ (പിഎല്എ) വിന്യാസത്തില് കാര്യമായ കുറവുണ്ടെന്നാണു റിപ്പോര്ട്ടില് പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ചര്ച്ചകളും ഇടപെടലുകളുമാണ് വടക്കന് അതിര്ത്തികളില് അനുകൂലമായ മാറ്റങ്ങള്ക്കും സ്ഥിരതയ്ക്കും കാരണമായതെന്ന് പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
എല്എസിയില് പത്തു വിവിധ വിഭാഗങ്ങള് ചേര്ന്ന സൈനിക യൂണിറ്റുകളെയായിരുന്നു ചൈന നേരത്തേ വിന്യസിച്ചിരുന്നത്. കൂടാതെ അതിര്ത്തിയില്നിന്നു മാറിയുള്ള പരിശീലനകേന്ദ്രങ്ങളില് മറ്റൊരു പത്ത് ബ്രിഗേഡുകളെയും നിലനിര്ത്തിയിരുന്നു.
എല്എസിയില് കഴിഞ്ഞവര്ഷം ഏകദേശം 40,000 മുതല് 50,000 വരെ ചൈനീസ് സൈനികരുണ്ടായിരുന്നു. ഏകദേശം ഇത്രത്തോളം സൈനികരെ നിശ്ചയിക്കപ്പെട്ട പരിശീലനകേന്ദ്രങ്ങളില് ഏത് അടിയന്തര സാഹചര്യങ്ങളിലേക്കും ചൈന സജ്ജമാക്കിയിട്ടുണ്ടായിരുന്നുവെന്നും 323 പേജുള്ള ഈ റിപ്പോര്ട്ടില് പറയുന്നു.
2020ലെ ഗല്വാന് സംഘര്ഷത്തിനു പിന്നാലെ നാലുവര്ഷത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലെത്തിയിരുന്നു. തര്ക്കമേഖലകളില്നിന്ന് 2024 ഒക്ടോബറില് സൈന്യത്തെ പിന്വലിക്കാന് ഇരുപക്ഷവും ധാരണയിലെത്തിയതോടെയാണ് അതിനൊരു അയവുണ്ടായത്.
രാഷ്ട്രീയ, നയതന്ത്ര, സൈനിക തലങ്ങളില് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയങ്ങള് വടക്കന് അതിര്ത്തികളില് അനുകൂലമായ സാഹചര്യങ്ങള് സൃഷ്ടിക്കാന് സഹായിച്ചുവെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വാര്ഷിക റിപ്പോര്ട്ട് 2026 മാര്ച്ച് 31 വരെയുള്ള സംഭവവികാസങ്ങള് ഉള്ക്കൊള്ളുന്നതാണ്.
Kerala
തിരുവനന്തപുരം: ഖാദര് കമ്മിറ്റി റിപ്പോര്ട്ടില് തുടര്നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ അധ്യാപക-അനധ്യാപക സംഘടനകളുടെ അഭിപ്രായം തേടി സര്ക്കാര്. 22നുള്ളില് അഭിപ്രായങ്ങള് അറിയിക്കാനാണ് സര്ക്കാര് സംഘടനകള്ക്ക് നിര്ദേശം നല്കിയിട്ടുള്ളത്.
കമ്മിറ്റി റിപ്പോര്ട്ട് പ്രകാരം 2030 മുതല് അധ്യാപകരുടെ യോഗ്യതാമാനദണ്ഡത്തിലും മാറ്റമുണ്ട്. എട്ടാം ക്ലാസ് മുല് 12-ാം ക്ലാസ് വരെയുള്ള അധ്യാപകര്ക്ക് ബിരുദാനനന്തര ബിരുദം നിര്ബന്ധമാണ്. ഭാഷാധ്യാപകര്ക്ക് ബിരുദമോ പിജിയോ ഇവയ്ക്കൊപ്പം ബിഎഡും ഉണ്ടാവണം.
നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുമെന്നു പറയുന്ന ഖാദര് കമ്മിറ്റി റിപ്പോര്ട്ട് ലോവര് പ്രൈമറി, പ്രൈമറി അധ്യാപകര്ക്ക് ബിരുദവും ബിഎഡും നിര്ബന്ധമാണെന്നും വ്യക്തമാക്കുന്നു.
ഇവ ഉള്പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അധ്യാപക-അനധ്യാപക സംഘടനകള് തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്ദേശിച്ചിരിക്കുന്നത്.
Kerala
കണ്ണൂർ: എന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മതിയാവില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത് വ്യക്തിപരമായ ആക്രമണമായി കരുതുന്നില്ല. പ്രസ്ഥാനത്തെ തകർക്കാനുള്ള കടന്നാക്രമണമാണ്. ഉണ്ടയില്ലാ വെടിപൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടിപ്പൊയെന്ന് വലതുപക്ഷം കരുതേണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. എനിക്ക് ഇഡിയുടെ യാതൊരു കത്തും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട ഒരു ആനുകുല്യവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെ നൽകിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കപ്പെട്ടിട്ടുമില്ല.
ഇഡി നിരത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക് പണം നൽകിയെന്നായിരുന്നു നേരത്തെ ഇഡി പറഞ്ഞിരുന്നത്. സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം രണ്ടു വാദങ്ങൾ ഉയർത്തുന്നു. ഏതിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അവർ തന്നെ വ്യക്തത വരുത്തണം.
പുതിയ ആരോപണങ്ങൾ ഇഡി തന്നെ പുറത്തുവിടുന്നു. അഴിമതി നിരോധനനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുണമെന്ന ആവശ്യപ്പെട്ട് ഇഡി ഡിജപിക്ക് കത്ത് നൽകി. 25 പേജുള്ള റിപ്പോർട്ടാണ് കൈമാറിയതെന്നാണ് മാധ്യങ്ങളിൽ നിന്നറിഞ്ഞത്. സാധാണനിലയ്ക്ക് സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുകൊടുക്കുന്ന സ്ഥിതിയായി. എന്നെക്കുറിച്ച് അതിൽ പരാമർശമൊന്നുമില്ല. എനിക്കൊരു കത്തും ലഭിച്ചിട്ടില്ല.
സെക്രട്ടറി ആകും മുന്പ് തനിക്കുനേരെ കടന്നാക്രമണങ്ങൾ ഉണ്ടായി. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തകർത്തുകളയാമെന്ന് ദുർമോഹം ആർക്കും വേണ്ട. 2016ൽ അധികാരത്തിൽ വന്നപ്പോൾ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉണ്ടായി. സംഘടിത ആക്രമണമാണ് ഉണ്ടായത്. കോവിഡ് കാലത്തെ എല്ലാവരും ഒന്നിച്ചുനിന്ന് നേരിട്ടപ്പോൾ മുൻകരുതൽ പോലും അട്ടിമറിക്കുന്ന ഇടപെടൽ ഉണ്ടായി.
2021ലെ തെരഞ്ഞെടുപ്പിന് മുന്പേ എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫും ബിജെപിയും ഒന്നിച്ചാക്രമിക്കുന്ന രീതി ഉയർന്നു. എല്ലാ വലതുപക്ഷ ശക്തികളും എൽഡിഎഫിനെതിരെ അണിനിരന്നു. സംഘടിത ആക്രമണം ആരംഭിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള യുഡിഎഫും ആക്രമണത്തിൽ കടുത്ത മത്സരത്തിൽ ഏർപ്പെട്ടു.
2026ൽ യുഎഡിഎഫ് അധികാരത്തിലെത്തിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളിൽ വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിപാടിയി മാറി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന നിലയിലേക്കെത്തി. ഇങ്ങനെയാണ് ഇഡിയുടേതെന്ന് പറയുന്ന ചില പേജുകളും ആരോപണങ്ങളും ഉയർന്നതെന്ന് പിണറായി പറഞ്ഞു.
Kerala
കോഴിക്കോട്: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്ത്തകള് തള്ളി വീണ്ടും പി.എ. മുഹമ്മദ് റിയാസ് എംഎല്എ. വിവരങ്ങള് അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന് ലക്ഷ്യമിട്ട് ബോധപൂര്വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും നിയമപരമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നെടുമങ്ങാട് ക്രൂരമായ മര്ദനത്തിനിരയായി ഒന്നര വയസുകാരന് അര്ഷിദ് മരിക്കാനിടയായ സംഭവത്തില് അന്വേഷണം പൂര്ത്തിയാക്കി പ്രത്യേക കോടതിയില് കുറ്റപത്രം സമര്പിച്ചതായി സര്ക്കാര് ഹൈക്കോടതിയില്.
കേസിലെ പ്രതികളായ മരിച്ച അര്ഷിദിന്റെ അമ്മ അഖിലയും രണ്ടാനഛന് അഷ്കറും റിമാന്ഡിലാണെന്നും സര്ക്കാര് അറിയിച്ചു.
തുടര്ന്ന് അന്തിമ അന്വേഷണ പുരോഗതി റിപ്പോര്ട്ടും കുറ്റപത്ര സമര്പ്പണ റിപ്പോര്ട്ടും മുദ്രവച്ച കവറില് ഹാജരാക്കാനും തുടര്നടപടികളുടെ പുരോഗതി അറിയിക്കാനും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു. ഹര്ജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാന് മാറ്റി.
National
ന്യൂഡൽഹി: ഡൽഹിയിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സെമിത്തേരി സൗകര്യമില്ലെന്ന ഹർജിയിൽ ഡൽഹി സർക്കാർ, മുനിസിപ്പൽ കോർപറേഷൻ, ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി എന്നിവരോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പൗരന്മാർക്കു ശ്മശാന സൗകര്യം ഉറപ്പാക്കുന്നത് എംസിഡിയുടെ പ്രാഥമിക ചുമതലയാണെന്നു നിരീക്ഷിച്ച കോടതി, ഡൽഹിയിലെ സെമിത്തേരികളുടെ വിവരങ്ങളും സ്ഥലസൗകര്യവും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
തലസ്ഥാനത്തെ സെമിത്തേരികൾ നിറഞ്ഞതിനാൽ സംസ്കാര ചടങ്ങുകൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ലീഗൽ ക്രിസ്റ്റ്യൻസ് ആക്ഷൻ കമ്മിറ്റിയാണു കോടതിയെ സമീപിച്ചത്.
Kerala
കൊല്ലം: കൊട്ടാരക്കരയില് രോഗിയോട് ഡോക്ടര് മോശമായി പെരുമാറിയ സംഭവത്തില് റിപ്പോര്ട്ട് നല്കി ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടര്ക്കാണ് ഡിഎംഒ റിപ്പോര്ട്ട് നല്കിയത്.
രോഗിയോട് ഡോക്ടര് രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് ഡിഎംഒ നല്കിയ റിപ്പോര്ട്ടിലുണ്ട്. ഡോക്ടര്ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒയുടെ റിപ്പോര്ട്ടിലുണ്ട്. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ നിര്ദ്ദേശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രില് അത്യാഹിത വിഭാഗത്തിലെ മെഡിക്കല് ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില് പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര് മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
രാത്രിയില് ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര് രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില് വ്യക്തമായിരുന്നു. 'മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്ജന്സി. പാതിരാത്രി കഴിഞ്ഞുവന്നു പറയാന് പറ്റിയ സാധനമാണോ ഇത്' എന്നായിരുന്നു ഡോക്ടര് പറഞ്ഞത്.
സംഭവം വിവാദമായതോടെ ഡോക്ടര്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യൂത്ത് കോണ്ഗ്രസും അടക്കം രംഗത്തെത്തിയിരുന്നു. ഡോക്ടര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൂപ്രണ്ടിന് യൂത്ത് കോണ്ഗ്രസ് പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെ ഡോക്ടര്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില് എത്തി വിവരങ്ങള് ശേഖരിക്കുകയും ഡോക്ടറില്നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമുള്ള അന്വേഷണ റിപ്പോര്ട്ടാണ് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്ക്ക് കൈമാറിയത്. ഡോക്ടര്ക്കെതിരെ സമാനമായ പരാതികള് മുന്പും ഉയര്ന്നിരുന്നു. രണ്ട് പരാതികളില് വിജിലന്സ് അന്വേഷണം നടക്കുകയാണ്. ഡോക്ടറോട് നിര്ബന്ധിത അവധിയില് പോകാന് നിര്ദ്ദേശിച്ചിട്ടുണ്ട്.
Kerala
കല്പ്പറ്റ: കള്ളാടി-ആനക്കാംപൊയില് തുരങ്കപാത പദ്ധതി പ്രദേശത്ത് മേപ്പാടി പഞ്ചായത്തില്പ്പെട്ട മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉള്പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കും.
റിപ്പോര്ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില് കണ്ട കാര്യങ്ങള് സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങള് ദിവസത്തിനുള്ളില് സിറ്റിംഗ് നടത്തി റിപ്പോര്ട്ടിന് അന്തിമരൂപം നല്കുമെന്നാണ് വിവരം. സമിതി റിപ്പോര്ട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിര്ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിര്ണായകമാണ്.
മണ്ണിടിച്ചിലിനെത്തുടര്ന്ന് നിര്ത്തിവച്ച തുരങ്കപാത നിര്മാണം പുനരാരംഭിക്കുന്നതില് വിദഗ്ധ സമിതി റിപ്പോര്ട്ടിനെ ആശ്രയിച്ചായിരിക്കും സര്ക്കാര് തീരുമാനം. തുരങ്കനിര്മാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.
ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രന് ചെയര്മാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവന് ബാബു കണ്വീനറും പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവര് അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സര്ക്കാര് ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നായിരുന്നു സമിതിക്ക് സര്ക്കാര് നിര്ദേശം.
തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് നല്കിയ പരിസ്ഥിതി അനുമതികള്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്, നിര്മാണ കരാര് വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകള് എന്നിവയും സമിതിയെ സര്ക്കാര് ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.
വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചില് പ്രദേശം സന്ദര്ശിച്ചിരുന്നു. മണ്ണിടിച്ചില് മേഖലയില് സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില് നിഗമനത്തില് എത്താനാകില്ലെന്നുമാണ് സന്ദര്ശനാനന്തരം ഡോ.സി.പി. രാജേന്ദ്രന് അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചില് ദുരന്തം. കരാര് സ്ഥാപനമായ ദിലീപ് ബില്ഡ്കോണ് കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.
Kerala
കാസര്ഗോഡ്: കാസര്ഗോഡ് കളക്ടറേറ്റിലെ സീനിയര് ക്ലാര്ക്ക് എ. ആശാലതയുടെ (41) മരണം സംബന്ധിച്ച് എഡിഎം പി. ഉദയകുമാര് നടത്തിയ അന്വേഷണ റിപ്പോര്ട്ട് ജില്ലാ കളക്ടര്ക്കു സമര്പ്പിച്ചു. ജോലി സമ്മര്ദമോ സ്ഥലം മാറ്റമോ അല്ല ആത്മഹത്യക്കു കാരണമെന്നും അഞ്ചു വര്ഷമായി ആശാലത വിഷാദരോഗിയായിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു. ചെങ്കള അതൃകുഴി സ്വദേശിനിയായ ആശാലത ഓഗസ്റ്റ് ഏഴിനാണ് ഐസ്ക്രീമില് എലിവിഷം കലര്ത്തി കഴിച്ചത്.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ആരുടെയും സമ്മര്ദ്ദം മൂലമല്ല വിഷം കഴിച്ചതെന്നായിരുന്നു ആശാലത അന്നു പോലീസിനു നല്കിയ മൊഴിയില് പറഞ്ഞിരുന്നത്. അന്നു രാത്രിയോടെ ആശാലതയുടെ നില ഗുരുതരമാവുകയും കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാല് ഓഗസ്റ്റ് ഒന്പതിന് ആശാലത മരണത്തിനു കീഴടങ്ങി.
സിപിഎം സര്വീസ് സംഘടനയായ എന്ജിഒ യൂണിയന്റെ ജില്ലാ കൗണ്സില് അംഗമായിരുന്ന ആശാലതയെ അകാരണമായി എന്ഡോസള്ഫാന് സെല്ലിലേക്കു സ്ഥലം മാറ്റിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചിരുന്നു.
ഇതേത്തുടര്ന്നാണ് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് സര്ക്കാര് എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
റവന്യു വിഭാഗത്തില് ജോലി ചെയ്തിരുന്ന ആശാലതയെ മേയ് 10നാണ് അതേ ഓഫീസിന്റെ തൊട്ടുമുകളിലെ നിലയില് സ്ഥിതി ചെയ്യുന്ന എന്ഡോസള്ഫാന് സെല്ലിലേക്ക് മാറ്റിയത്. എഡിഎം നല്കിയ റിപ്പോര്ട്ട് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് ഉടന് സര്ക്കാരിനു കൈമാറും.
District News
"ചേന്തി അനിൽ എത്തിയത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന
ഉദ്ദേശത്തോടെ'
കഴക്കൂട്ടം : ശ്രീകാര്യത്ത് ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിൽ സംഭവസ്ഥലത്തെത്തിയത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. കാറില് നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില് ഭീഷണിപ്പെടുത്തിയതായും പോലീസ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോര്ട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസപ്പെടുത്തിയതായും റിപ്പോര്ട്ടില് പരാമര്ശിക്കുന്നു. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല് കോളജ് പോലീസ് സ്റ്റേഷനുകളില് നിരവധി കേസുകളുണ്ട്. പ്രതി റൗഡി ലിസ്റ്റില് ഉള്പ്പെട്ടിരുന്ന ആളാണെന്നും പോലീസിന്റെ റിപ്പോർട്ടിലുണ്ട്
കഴിഞ്ഞ ദിവസം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ സഞ്ചരിച്ച വാഹനം കോണ്ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. "ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത്" എന്ന് ഉച്ചത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കുകയും "മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ചേന്തി അനിൽ മറുപടി പറയുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് വാഹന വ്യൂഹത്തിനു മുന്നിൽ നിന്നും പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മുഖ്യമന്ത്രി ഗുരുകുലത്തിലേക്ക് പോയത്.
അതേസമയം പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനിൽ പ്രതികരിച്ചു. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്.
അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.
Kerala
കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. എളയാവൂരിലെ പ്രശ്നത്തിന് പൂർണതോതിലുള്ള പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു.
സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടി. ദേശീയപാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് വർഷം മുമ്പ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. 2023 ജൂലൈയിലും പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.
തുടർന്ന് ജനകീയ പ്രതിഷേധത്തെത്തുടർന്ന് സംരക്ഷണഭിത്തി നിർമിച്ച് മുകൾഭാഗത്ത് മണ്ണ് നിറച്ചിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. അതേസമയം സംരക്ഷണഭിത്തി തകരാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും ടി.ഒ.മോഹനൻ എംഎൽഎയും പറഞ്ഞു.
Kerala
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി എ. പി.അനിൽകുമാർ നിർദേശം നൽകി.
അന്വേഷണ റിപ്പോർട്ട് ഉടനടി സമർപ്പിക്കാനാണ് നിർദേശം. രാജേഷിന്റെ കുടുംബത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യും.
അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വിപണിയിലുള്ള പഴം, പച്ചക്കറി സാമ്പിളുകളില് ഭൂരിഭാഗവും സുരക്ഷിതമെന്നു കേരള കാര്ഷിക വാഴ്സിറ്റിയുടെ ഏറ്റവും പുതിയ സേഫ് ടു ഈറ്റ് പരിശോധനാ റിപ്പോര്ട്ട്.
2026 ഏപ്രില് മുതല് ജൂണ് വരെയുള്ള കാലയളവില് ശേഖരിച്ച 178 സാന്പിളുകളില് നാലെണ്ണത്തില് (2.25 ശതമാനം) മാത്രമാണ് അനുവദനീയമായ പരിധിക്കു മുകളില് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. കാര്ഷികവികസന കര്ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വെള്ളായണി കാര്ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിലായിരുന്നു പരിശോധന.
ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ 19 ബ്ലോക്കുകളില്നിന്നും പത്തു മുനിസിപ്പാലിറ്റികളില് നിന്നുമായാണു സാമ്പിളുകള് ശേഖരിച്ചത്.
പരിധിക്കു മുകളില് വിഷാംശം
കറുത്ത മുന്തിരി, തക്കാളി എന്നിവയുടെ ഒരു സാന്പിൾ, ബീറ്റ്റൂട്ടിന്റെ രണ്ടു സാംപിളുകള് എന്നിവയിലാണ് ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന പരിധിയിലും കൂടുതല് വിഷാംശം കണ്ടെത്തിയത്.
കറുത്ത മുന്തിരി സാമ്പിളുകള് എറണാകുളം തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കാക്കനാടുനിന്നാണു ശേഖരിച്ചത്. തിരുവനന്തപുരം വാമനപുരം ബ്ലോക്കിലെ വെഞ്ഞാറമൂട്ടിലെ ഒരു സ്ഥാപനത്തില് നിന്ന് തക്കാളിയുടെ സാന്പിളും ശേഖരിച്ചു.
മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലുള്ള ഒരു സ്ഥാപനത്തില് നിന്നാണ് ബീറ്റ്റൂട്ട് സാന്പിളുകള് ശേഖരിച്ചത്. ഈ സാമ്പിളില് ക്ലോറന്ട്രാനിലി പ്രോള് കണ്ടെത്തി. മലപ്പുറം താനൂര് മുനിസിപ്പാലിറ്റി പരിധിയില്നിന്നു ശേഖരിച്ച ബീറ്റ്റൂട്ടിന്റെ മറ്റൊരു സാമ്പിളിലും ഇതേ വിഷാംശമാണ് കണ്ടെത്തിയത്.
സുരക്ഷിതമായ ഉത്പന്നങ്ങള്
പട്ടികയിലുള്ള മറ്റു 44 ഇനം പഴം-പച്ചക്കറികളില് കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് അനുവദനീയമായ പരിധിക്കുള്ളിലോ സുരക്ഷിതമായ തോതിലോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആപ്പിള്, ഓറഞ്ച്, മാമ്പഴം, പപ്പായ, തണ്ണിമത്തന്, പച്ചമുളക്, കാരറ്റ്, വഴുതന, കാബേജ്, അമരപയര്, ഇഞ്ചി, വെണ്ടയ്ക്ക തുടങ്ങിയ പൊതുവിപണിയിലെ മിക്ക ഉത്പന്നങ്ങളെല്ലാം ഈ പട്ടികയില് ഉള്പ്പെടുന്നു.
Kerala
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയ മൂന്നംഗ മന്ത്രിസഭാ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രി എ.പി. അനിൽകുമാർ.
പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎംശ്രീ കരാർ കേന്ദ്ര സർക്കാരിനു നൽകിയ ഉറപ്പുകൾ, പദ്ധതിയുടെ നിലവിലെ പുരോഗതി എന്നിവ ഉപസമിതി വിശദമായി പരിശോധിക്കും. വിവിധ വിഭാഗങ്ങളിലെ ആളുകളുമായും വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കുണ്ടറയില് കസ്റ്റഡി മര്ദനത്തെ തുടര്ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില് ഡിജിപിയോട് മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്ട്ട് തേടി. വിദ്യാര്ഥിയെ കാണാതായ സംഭവത്തില് കസ്റ്റഡിയില് എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില് ചികിത്സയിലിരിക്കേയാണ് മരിച്ചത്.
പോലീസ് മര്ദനത്തെ തുടര്ന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോണ് സംഭാഷണം പുറത്തായിരുന്നു.
പോലീസുകാരന്റെ മര്ദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിക്കുകയും ചെയ്തു. അതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. പിന്നാലെയാണ് ആഭ്യന്തര മന്ത്രി റിപ്പോര്ട്ട് തേടിയത്.
ജൂണ് 16നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടില് നിന്ന് കസ്റ്റഡിയില് എടുത്തത്. 13കാരനായ സഹോദരനെ കാണ്മാനില്ല എന്ന സഹോദരിയുടെ പരാതിയിലാണ് സിയാദിനെതിരേ പോലീസ് കേസെടുത്തത്. എന്നാല് കാണാതായ കുട്ടിയെ തിരിച്ചുകിട്ടി എന്നതിന്റെ അടിസ്ഥാനത്തില് അടുത്ത ദിവസം സിയാദിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
തുടര്ന്ന് രണ്ടാഴ്ചയ്ക്കുശേഷം സിയാദ് പലവിധമായ രോഗങ്ങളാല് പല ആശുപത്രികളിലും കയറിയിറങ്ങുകയും തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കേ ഈമാസം 25ന് മരിക്കുകയും ചെയ്തു.
International
റോം: കഴിഞ്ഞ വർഷം ലോകമെമ്പാടുമായി ഏകദേശം 64.5 കോടി ജനങ്ങൾ (ആഗോള ജനസംഖ്യയുടെ 7.8%) ദാരിദ്ര്യം അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.
യുഎന്നിന്റെ കീഴിലുള്ള റോം ആസ്ഥാനമായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഫുഡ് പ്രോഗ്രാം, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ ചിൽഡ്രൻസ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് എന്നീ ഏജൻസികൾ ചേർന്നു തയാറാക്കിയ ‘ലോകത്തിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലയും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം നേരിയ കുറവുണ്ടായിട്ടുണ്ട്.
2024നേക്കാൾ 1.4 കോടി ആളുകളും 2022ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 4.3 കോടി ആളുകളും കുറവാണ് 2025ൽ പട്ടിണി നേരിട്ടത്. പ്രത്യേകിച്ച് തെക്കേ അമേരിക്കയിലും തെക്കൻ ഏഷ്യയിലും ഭക്ഷ്യസുരക്ഷയിൽ പുരോഗതിയുണ്ടായി.എങ്കിലും സാഹചര്യങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിൽ അഞ്ചിൽ ഒരാൾ വീതം (30.9 കോടി ആളുകൾ) ഇപ്പോഴും പട്ടിണിയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും ഉയർന്ന നിലയിൽത്തന്നെ തുടരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ധന-വളം വിലവർധനവ്, എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ നിലവിലെ പുരോഗതിക്കു ഭീഷണിയാകാൻ സാധ്യതയുണ്ട്.
അതിനാൽ കർഷകർക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കാനും കൃഷി-സംഭരണ മേഖലകളിൽ കൂടുതൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താനും ലോകരാജ്യങ്ങളോട് യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു.
Kerala
കൊച്ചി : കംബോഡിയ സൈബര്തട്ടിപ്പ് റാക്കറ്റുകള് നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്ട്ട് ഈയാഴ്ച സിറ്റി പോലീസ് കമ്മീഷണര് എസ്. കാളിരാജ് മഹേഷ്കുമാർ, ഡിജിപി റവാഡ ചന്ദ്രശേഖറിന് കൈമാറും.
കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴികള് ഉള്പ്പെടുത്തിയാണ് റിപ്പോര്ട്ട്. മനുഷ്യക്കടത്ത് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാണു എസിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില് മുഖ്യപ്രതി അബ്ദുറഹ്മാനും മറ്റു പ്രതികള്ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര് ചെയ്യണമെന്നും റിപ്പോര്ട്ടില് പറയുന്നു.
പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്ട്ട് പിടിച്ചുവച്ച ശേഷമാണ് ഇവരെ റോഡ് മാര്ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകള് ഇല്ലാത്തതിനാല് കംബോഡിയയില്നിന്ന് ഇവരെ നാട് കടത്തിയിരുന്നു.
ഒരാളെ കടത്തുന്നതിന് താന് വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് അബ്ദുറഹ്മാന് ചോദ്യംചെയ്യലില് പറഞ്ഞിരുന്നു. ഇതില് സംഘാംഗങ്ങള്ക്കു നല്കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് അബ്ദുറഹ്മാനു ലഭിച്ചിരുന്നത്. ഇയാള് നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല് സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്നിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ‘ഓപ്പറേഷന് കംബോഡിയ’ എന്നപേരിലായിരുന്നു അന്വേഷണം.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ, തനിക്കെതിരെയുള്ള കണ്ടെത്തലുകളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും. വൈകുന്നേരത്തോടെ ഡിജിപിക്ക് വിശദീകരണം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
അജിത് കുമാറിന്റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാർശ കൂടി കൂട്ടിച്ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. എം.ആർ. അജിത് കുമാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുൻപ് തന്നെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എന്നാൽ, ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോർട്ട് തിരിച്ചയക്കുകയായിരുന്നു.
തുടർന്ന്, ചില രേഖകൾ തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ നിർദേശം നൽകിയതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം, അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്ഐടി റിപ്പോർട്ട് പുനഃസമർപ്പിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്. നിലവിൽ യാത്രയിലായതിനാൽ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നൽകുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയിരുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പെരുകുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഈ വര്ഷം മേയ് വരെ 4,352 പേരെയാണു കാണാതായത്.
കഴിഞ്ഞ വര്ഷം ഇത് 11,139 ആയിരുന്നു. 2020ന് ശേഷം കാണാതാകുന്നവരുടെ എണ്ണത്തില് പ്രതിവര്ഷം ശരാശരി ആയിരത്തിലധികം പേരുടെ വര്ധനയാണ് ഉണ്ടായത്.
പല കാരണങ്ങളാല് പോലീസില് റിപ്പോര്ട്ട് ചെയ്യപ്പെടാതെ പോയ കേസുകളും ഇവയ്ക്കു പുറമേ നിലനില്ക്കുന്നു. കാണാതായവരില് ഭൂരിഭാഗം പേരെയും തിരിച്ചു കിട്ടിയതായി പോലീസ് രേഖകളില്ല.
കുട്ടികള് തുടങ്ങി വയോധികര് വരെ ഉള്പ്പെടുന്നതാണ് കാണാതായവരുടെ പട്ടിക. വീടുകളിലെ നിസാരവഴക്ക് മുതല് യാതൊരു കാരണമില്ലാതെ വീടുവിട്ട് ഇറങ്ങിയവരും തട്ടിക്കൊണ്ടുപോകല്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയില് കാണാതായവരുമൊക്കെ ഈ കൂട്ടത്തില് ഉള്പ്പെടും.
പ്രണയത്തിന്റെ ചൂരില് നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട് കൂട്ടത്തില്. സമൂഹ മാധ്യമങ്ങള്ക്ക് ഇത്തരം തിരോധാനങ്ങളില് വലിയ പങ്കുണ്ടെന്നാണ് പോലീസിന്റെയടക്കം വിലയിരുത്തല്.
ആറര വര്ഷം 68,862 പേര്
കഴിഞ്ഞ ആറര വര്ഷത്തിനിടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 68,862. 2020ല് 8,742 പേരെ കാണാതായതായി റിപ്പോര്ട്ട് ചെയ്തപ്പോള് 2021ല് ഇത് 9,713 ആയി ഉയര്ന്നു. 2022ല് 11,259, 2023ല് 11,760, 2024ല് 11,897, 2025ല് 11,139, ഈ വര്ഷം മേയ് വരെ 4,352 എന്നിങ്ങനെയാണ് കണക്ക്.
ദുരൂഹതയുണ്ടെന്ന് ആരോപണം
കാണാതാകുന്നവരുടെ എണ്ണം വര്ധിക്കുന്നതില് ഏതാനും ചില മനുഷ്യാവകാശ പ്രവര്ത്തകരും സംഘടനകളും ഇതില് ദുരൂഹത ആരോപിക്കുന്നു. അവയവക്കച്ചവടത്തിന്റെ മറവില് നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങള്ക്കു പിന്നിലെന്നാണ് ഇവരുടെ ആരോപണം.
കാണാതാകുന്നവരില് ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളില് നിന്നുളളവരാണെന്നും ഇത് ചൂഷണം ചെയ്താണ് മനുഷ്യക്കടത്തിന് പിന്നില് പ്രവര്ത്തിക്കുന്ന സംഘത്തിന്റെ പ്രവര്ത്തനമെന്നുമാണ് ആരോപണം.
Kerala
ഫോര്ട്ടുകൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആര്എല്സിസി ജനറല് അസംബ്ലിയുടെ 47-ാം സമ്മേളനം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
സര്ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമര്ശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില് മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില് റിപ്പോര്ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്ഗണന നിശ്ചയിച്ച് ശിപാര്ശകള് നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സര്ക്കാര് അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തില് വരുത്തുന്നതിന് നടപടികള് വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസംബ്ലിയില് കേരളത്തിലെ 12 ലത്തീന് കത്തോലിക്കാ രൂപതകളില്നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പ്രതിനിധികള് പങ്കെടുത്തു.
പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല് സെക്രട്ടറി ഫാ. ജിജു ജോര്ജ് അറക്കത്തറ എന്നിവര് പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്ഡ മൈക്കിള്, പാട്രിക് മൈക്കിള് എന്നിവര് പ്രസംഗിച്ചു.
ചെല്ലാനത്ത് പുത്തന്തോട് മുതലുള്ള കടല്ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. തീരശോഷണം മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രതിരോധമാര്ഗങ്ങള് സ്വീകരിക്കണം.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള് ശാശ്വതമായി പരിഹരിക്കണം. മിഷന് സമുദ്ര പ്രതീക്ഷകള് നല്കുന്നുണ്ടെങ്കിലും പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക -പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തുകയും നിലനില്ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ടു സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെആര്എല്സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില് പ്രേഷിതത്വം, വികസനം, വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ദശവത്സര കര്മരേഖ പുറത്തിറക്കാനും തീരുമാനിച്ചു.
National
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉസ്ബെക്കിസ്ഥാനിൽ നടന്ന സംഭവത്തിൽ നിർബന്ധിത മതംമാറ്റ ശ്രമങ്ങളുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ശക്തമായ ഏകോപനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന കർശന നിർദ്ദേശവും കമ്മീഷൻ നൽകി.
അതേസമയം സാവരിയ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി ആരോപിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സകിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.മുരളീധരൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാറാണ് ചികിത്സ കിട്ടാതെ മരിച്ചത്. രോഗിക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട രോഗിയെ ഒപി ക്യൂവിൽ നിർത്തിച്ചതിനെതിരെ ആശുപത്രിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവം വൻ വിവാദമായതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനോടാണ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാളയാറിലുണ്ടായ സംഭവങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച നിവേദനം തുടർനടപടികൾക്കായി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ദുരൂഹമരണങ്ങൾക്ക് പുറമെ ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തിൽ വിശദമായി അന്വേഷിക്കാൻ നിർദേശമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Tech
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖല നിയമനങ്ങളിൽ മന്ദഗതി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് എഐ തസ്തികകളിലേക്ക് ജീവനക്കാരെ വൻതോതിൽ നിയമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഐടി മേഖലയിലെ മൊത്തത്തിലുള്ള നിയമനങ്ങൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, എഐ തസ്തികകളിലെ നിയമനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം കമ്പനികൾ നൗക്രി വെബ്സൈറ്റിൽ നൽകിയ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത ബിസിനസ് രീതികൾക്ക് എഐ ഉയർത്തുന്ന വെല്ലുവിളികളും കാരണം ഉപഭോക്താക്കൾ ചിലവുകൾ ചുരുക്കിയത് 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യമ്പനികളെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലും എഐ മേഖലയിലെ നിയമനങ്ങൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.
ടെക് കമ്പനികൾ നിലവിൽ എവിടെയാണ് കൂടുതൽ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് നൗക്രിയുടെ മാതൃകമ്പനിയായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബറോയ് പറഞ്ഞു. എഐ എന്നത് കമ്പനികളുടെ പ്രധാന പ്രവർത്തന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അനുഭവസമ്പന്നരും പ്രഗത്ഭരുമായ ഉദ്യോഗാർഥികൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതിക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എഐ ഏജന്റുകളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 23,000ത്തിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐടി മേഖലയ്ക്ക് പുറമെ രാജ്യത്തെ മറ്റ് 14 പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ എഐ, മെഷീൻ ലേണിംഗ് തസ്തികകളിൽ മൊത്തത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഷുറൻസ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടന്നത്.
Kerala
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്.
നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണം, ഭൂ വിസ്തൃതി എന്നീ മാനദണ്ഡങ്ങളിൽ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്.
ആദിവാസി- ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള് മൂന്നാഴ്ചയ്ക്കുള്ളില് പിഎസ്സിക്കു റിപ്പോര്ട്ട് ചെയ്യാന് നിര്ദേശം.
പൊതുമേഖല ഉള്പ്പെടെയുള്ള എല്ലാ ഒഴിവുകളും റിപ്പോര്ട്ട് ചെയ്യുന്നതിനാണു വകുപ്പ് മേധാവിമാര്ക്ക് സര്ക്കാര് കര്ശന നിര്ദേശം നല്കിയിരിക്കുന്നത്.
ഇക്കാര്യത്തില് വീഴ്ച വരുത്തരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ് സെക്രട്ടറിമാര് കര്ശന നപടി സ്വീകരിക്കണമെന്നും ഭരണ പരിഷ്കാര വകുപ്പ് നല്കിയ കത്തില് പറയുന്നു.
Kerala
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രണ്ടു വർഷം മുന്പ് നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിലെ പാകപ്പിഴകൾ സംബന്ധിച്ച് വിലയിരുത്തലുകൾ നടത്താനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി ഒരുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്. സമിതിയുടെ പ്രഥമ യോഗം ഈ മാസം 10ന് നടക്കും.
പോരായ്മകളുടെ കൂന്പാരമായി നാലുവർഷ ബിരുദകോഴ്സുകൾ നടക്കുന്നതിനിടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴ്സ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്ത് ഒരു ഏകീകൃത സ്വഭാവമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പ്രതിനിധികളുമായും കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായും വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സമിതി കൂടിക്കാഴ്ചകൾ നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കരട് റിപ്പോർട്ട് തയാറാക്കുക.
ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതിനാൽ വിദ്യാർഥികളും അധ്യാപകരും ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. കെ റീപ്പ് എന്ന സോഫ്റ്റ്വേറിലൂടെ ഉടലെടുത്ത പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര നോളജ് കോർപറേഷനാണ് കെ റീപ്പ് തയാറാക്കിയത്. കെ റീപ്പ് പ്രതിസന്ധിയെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷകൾ പലതും നീട്ടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. മാർക്കുകൾ എൻട്രി ചെയ്യാൻ കഴിയാതെ വന്നു. കൂടാതെ പ്രതിദിനം ആയിരക്കണക്കിനു പരാതികളായിരുന്നു സോഫ്റ്റ്വേർ സംബന്ധിച്ച് ഉണ്ടായത്.
കെ റീപ്പ് സോഫ്റ്റ്വേർ ആദ്യം നടപ്പിലാക്കിത് കണ്ണൂർ യൂണിവേഴ്സിറ്റിയിലായിരുന്നു. തുടർന്ന് കേരളാ സർവകലാശാലയിലും നടപ്പിലാക്കി. രണ്ടു സർവകലാശാലകളിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സോഫ്റ്റ്വേർ അനുബന്ധമായി ഉണ്ടായത്. 2024ൽ ചേർന്ന ആദ്യ നാലുവർഷ ബിരുദ കോഴ്സിലെ ആദ്യ സെമസ്റ്ററിലെ പോലും സപ്ലിമെന്ററി പരീക്ഷകൾ പലതും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയും പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
നാലുവർഷ ബിരുദ കോഴ്സ് സംബന്ധിച്ച് നിലനില്ക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ കൗണ്സിൽ നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്വൈയുജിപി) വിലയിരുത്താൻ പ്രഫ. ഗ്ലാഡ്സ്റ്റണ് രാജിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്.
പാഠ്യ പദ്ധതി നടപ്പിലാക്കുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമേ സിലബസ് പരിഷ്കരണം, ചോദ്യബാങ്ക് തയാറാക്കൽ, മൂല്യനിർണയ സംവിധാനം എന്നിവയും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി പഠിച്ച് ആവശ്യമായ പരിഹാര നിർദേശങ്ങൾ ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും പിന്നീട് വിശദമായ റിപ്പോർട്ടും കേരള ഉന്നത വിദ്യാഭ്യാസ കൗണ്സിലിന് സമർപ്പിക്കും.
Kerala
കൊച്ചി: നടി അന്സിബ ഹസന്റെ പരാതിയില് റിപ്പോര്ട്ട് സമര്പ്പിക്കാന് കോടതിയില് സാവകാശം ആവശ്യപ്പെട്ട് പോലീസ്. ഇതോടെ കേസ് 27-ാം തീയതിയിലേക്ക് പരിഗണിക്കാന് മാറ്റി. ഈ ആഴ്ച തന്നെ എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് പോലീസ് റിപ്പോര്ട്ട് സമര്പ്പിക്കുമെന്നാണ് സൂചന.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്ഗീയ പരാമര്ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്സിബ ടിനി ടോമിനെതിരെ പരാതി നല്കിയത്. അന്സിബയുടെ പരാതിയില് കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ്.
കേട്ടുകേള്വിയുടെ അടിസ്ഥാനത്തില് മാത്രം കേസെടുക്കാന് സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര് പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്സിബയുടെ ഹര്ജി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ടിനി ടോമിന്റെയും ശ്വേത മേനോന്റെയും അന്സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന് കണ്ട്രോളുറുടെ മൊഴി പോലീസ് എടുത്തിരുന്നു.
നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെ അധിക്ഷേപിക്കുന്നതും ജിഹാദി എന്നുള്പ്പെടെയുള്ള പരാമര്ശങ്ങള് നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണ് എന്നുമായിരുന്നു അന്സിബ പറഞ്ഞത്. എന്നാല് ടിനി ടോം വര്ഗീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്വേത മേനാന്റെ മൊഴി.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റിന്റെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പുറമെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ.
• വ്യവസായ, ഐടി, ഫ്യൂച്ചർ ടെക്നോളജി ആൻഡ് എഐ വകുപ്പിന് 100 കോടി രൂപ വകയിരുത്തും.
• അരൂരിൽ കെ.ആർ. ഗൗരിയമ്മ സ്മാരകം പണിയാൻ ഒരു കോടി രൂപ
• ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആധുനികവത്കരിക്കാൻ അഞ്ചു കോടി രൂപ
• തിക്കോടി മൂടാടി പഞ്ചായത്തിലെ കോടിക്കൽ മിനി ഫിഷിംഗ് ഹാർബർ നിർമാണത്തിന് 7.5 കോടി രൂപ
• മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവ് പാലത്തിന് 10 കോടി രൂപ
• പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 50 ലക്ഷം
• അമ്പൂരി പഞ്ചായത്ത് കെട്ടിടം പണിയാൻ ഒരു കോടി രൂപ
• തിരൂർ കാൻസർ ആശുപത്രിക്ക് ഉപകരണം വാങ്ങാൻ മൂന്നു കോടി രൂപ
• നീർക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിന് അഞ്ചു കോടി രൂപ
• കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സ്റ്റേഡിയം നിർമാണം അഞ്ചു കോടി രൂപ
• ഷിറിയ റെയിൽവേ അടിപ്പാത നിർമാണത്തിനായി മൂന്നു കോടി രൂപ
• കറുകച്ചാൽ ഫയർ സ്റ്റേഷൻ നിർമാണത്തിന് ഒരു കോടി രൂപ
• വെള്ളയിൽ ഫിഷിംഗ് ഹാർബർ നവീകരണത്തിന് രണ്ടു കോടി രൂപ
• കോവളം നിയോജകമണ്ഡലത്തിൽ സ്ഥലം വാങ്ങി സ്റ്റേഡിയം നിർമിക്കാൻ 20 കോടി രൂപ
• കക്കോടി പോലീസ് സ്റ്റേഷൻ രണ്ടു കോടി രൂപ
• കുരുവട്ടൂർ എഫ്എച്ച്സിയെ സിഎച്ച്സി ആയി ഉയർത്താൻ 1.5 കോടി രൂപ
• കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാഞ്ഞിരം മുതൽ ആനമൂളി വരെയുള്ള റോഡിന് ഒരു കോടി
• നീലിപ്പാറ മണിയൻ കിണർ റോഡ് നവീകരണത്തിന് രണ്ടു കോടി
• പുഞ്ചിരിപ്പാടം റോഡ് അഭിവൃദ്ധിപ്പെടുത്താലും സൗന്ദര്യവത്കരണത്തിനായി ഒരു കോടി രൂപ
• വളാഞ്ചേരി ഫയർ സ്റ്റേഷന് അഞ്ചു കോടി രൂപ
• പുത്തൂർ ചെന്നക്കൽ ബൈപാസ് മൂന്നാം ഘട്ടം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടി രൂപ
• ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കൂടൽമാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി മണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം എന്നിവ ഉൾപ്പെടെ നാലമ്പല തീർഥാടന പാക്കേജിനായി 10 കോടി രൂപ
• കടുത്തുരുത്തി വലിയ തോടുകളുടെയും വിവിധ ജലാശയങ്ങളുടെയും പുനരുജ്ജീവനും വെള്ളപ്പൊക്ക നിയന്ത്രണവും ജലസേചന ടൂറിസം അടിസ്ഥാന സൗകര്യ വികസനവും 10 കോടി രൂപ
• കടുത്തുരുത്തി പഞ്ചായത്തിൽ ജലസേചന വകുപ്പിന് വേണ്ടിയുള്ള പുതിയ കെട്ടിട നിർമാണവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടത്താൻ രണ്ടു കോടി
• പുനലൂർ റവന്യു ടവറിന് ഒരു കോടി രൂപ
• ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തിന് രണ്ടു കോടി രൂപ
• കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അഞ്ചു കോടി രൂപ
• മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിൽ എൽബിഎസ് ഇന്റഗ്രേറ്റഡ് ഇന്സ്റ്റിറ്റിയൂട്ട്് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് അഞ്ചു കോടി രൂപ
• പാലാ -എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ നിർമാണ് പഠനത്തിനായി ഒരു കോടി രൂപ
• റിവർവ്യൂ റോഡ് വന്നുനിൽക്കുന്ന സാന്തോം കോംപ്ലക്സ് മുതൽ വൈക്കം റോഡ് ആർവി ജംഗ്ഷൻ ക്രോസ് ചെയ്തു ഫ്ളൈ ഓവറിനായി 10 ലക്ഷം
• പാലായിലെ പൂർത്തിയാകാത്ത ബൈപാസ് റോഡിനു റിവർവ്യൂം റോഡിനും ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി അഞ്ചു കോടി രൂപ
• വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ലി വികസനത്തിന് മൂന്നു കോടി രൂപ
• പിറവത്ത് ടി.എം. ജേക്കബ് സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ
• ആലുവ നാഷണൽ ഹൈവേ പുളിഞ്ചോടുമുതൽ മംഗലപ്പുഴ പാലം വരെ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിനായി എൻഎടിപിഎസിയെ കൊണ്ട് സാധ്യത പഠനം നടത്തി വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് 30 ലക്ഷം രൂപ
• എക്സൈസ് ഡിപ്പാർട്മെന്റിലെ ലഹരി വിരുദ്ധ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപ
• കായംകുളം ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നവീകരണത്തിന് നാലു കോടി രൂപ
• രാമന്തളി വടക്കുമ്പാട് മാപ്പിള യുപി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ
• പേരൂർക്കട ജില്ലാ മോഡൽ ഹോസ്പിറ്റലിന് ആറു കോടി രൂപ
• കന്യാകുളങ്ങര സിയോണ് കുന്ന് റോഡിന് രണ്ടു കോടി രൂപ
• മല്ലപ്പള്ളി ഫയർ സ്റ്റേഷന് ഒരു കോടി രൂപ
• മുണ്ടക്കയം എഫ്എച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് ഒരു കോടി രൂപ
• കാഷ്യൂ വർക്കേഴ്സിന് ഗ്രാറ്റുവിറ്റിയായി 10 കോടി രൂപ അധികമായി അനുവദിച്ചു
• കരമന കളിയിക്കാവിള നാലുവരി പാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുന്നു.
Kerala
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ് ജോസഫ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്ന കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതു സ്വാഗതാർഹമാണ്.
പരമാവധി സ്കൂളുകൾക്ക് എയ്ഡഡ് പദവി ലഭ്യമാക്കാൻ നിയമങ്ങളിൽ ഭേദഗതി വരുത്തണം. ഉപാധിരഹിത പട്ടയം സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകണം.
ബജറ്റിൽ പരാമർശിച്ച മിഷൻ സമുദ്ര പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പടുമെന്നും അപു ജോണ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിക്കും.
പദ്ധതി നടപ്പിലാക്കുമ്പോഴും സംസ്ഥാന സർക്കാരിന് സ്വന്തമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്.
മുൻ സർക്കാർ ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നേരത്തെ പിടിച്ചുവെച്ചിരുന്ന ഫണ്ട് റിലീസ് ചെയ്തു തന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ട് നാലാമത്തെ ദിവസം തന്നെ സമഗ്ര ശിക്ഷാ കേരള ഫണ്ട് കേന്ദ്രം ലഭ്യമാക്കിയതായും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര പദ്ധതികളുടെ ഭാഗമാകുമ്പോഴും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും താൽപര്യങ്ങൾക്കും കോട്ടം തട്ടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്ട്ട് എസ്ഐടി കോടതിയില് സമര്പ്പിച്ചു. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില് നിന്നും സാമ്പിള് ശേഖരിച്ച വിവരവും റിപ്പോര്ട്ടില് അറിയിച്ചിട്ടുണ്ട്. സീല്ഡ് കവറിലാണ് എസ്ഐടി റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന് ഹൈക്കോടതിയില് നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതി റിപ്പോര്ട്ട് സമര്പ്പിച്ചത്. പ്രഭാമണ്ഡലത്തില് നിന്നും ദ്വാരപാലക ശില്പ്പങ്ങളില് നിന്നും കട്ടിളപ്പാളിയില് നിന്നും ശേഖരിച്ച സാമ്പിളുകള് പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും എസ്ഐടി തേടും.
2025ല് ദ്വാരപാലക ശില്പങ്ങള് ചെന്നൈയില് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് നിര്ദേശം നല്കിയിരുന്നു. കഴിഞ്ഞ ഇടക്കാല ഉത്തരവില് അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചിരുന്നു. ആ വിവരങ്ങളും അന്വേഷണ പുരോഗതി റിപ്പോര്ട്ടിലുണ്ട്. റിപ്പോര്ട്ട് കോടതി പരിശോധിച്ചു വരികയാണ്.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ടിലെ നിര്ദേശങ്ങള് നടപ്പാക്കാന് ഗൗരവമായ നടപടികള് ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പുതിയ സര്ക്കാര് ഈ വിഷയത്തില് ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നതായി കെസിബിസി. ക്രൈസ്തവസമൂഹത്തിന് അനുകൂലമായ നിലപാട് സര്ക്കാര് സ്വീകരിക്കുകയും നടപടികള് ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി മുന്കൈയെടുത്ത്, റിപ്പോര്ട്ടിലെ നിര്ദേശങ്ങള് നടപ്പാക്കാനുള്ള പരിശ്രമങ്ങള് അടിയന്തരമായി ആരംഭിക്കണമെന്നും മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസിയുടെ വര്ഷകാല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മറ്റു ഭാഗങ്ങൾ ചുവടെ:
പുതിയ സർക്കാരിൽ പ്രതീക്ഷ
ഉജ്ജ്വല വിജയത്തിന്റെ പിന്ബലത്തില് അധികാരത്തിലേറിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്പ്പിച്ചു. മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യനീക്കങ്ങള് അഭിനന്ദനാര്ഹമാണ്. പാവപ്പെട്ട ജനങ്ങള്ക്കു മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സംസ്ഥാനത്ത് സുസ്ഥിര വികസനവും ഉറപ്പുവരുത്താനും പ്രതിസന്ധികളില് കഴിയുന്ന വിവിധ വിഭാഗങ്ങളില്പ്പെട്ട ജനങ്ങള്ക്കു കൈത്താങ്ങാകാനും ഈ സര്ക്കാരിനു കഴിയട്ടെയെന്ന് പ്രാര്ഥിക്കുന്നു.
ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുപൂർണ പിന്തുണ
പുതിയ സര്ക്കാര് അധികാരത്തിലെത്തിയ ഉടൻതന്നെ, ലഹരിനിര്മാര്ജനത്തിനുള്ള പദ്ധതി ‘ഓപ്പറേഷന് തൂഫാന്’ പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാര്ഹമാണ്. ഈ പദ്ധതിക്കും തുടര്നീക്കങ്ങള്ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നു. കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂര്ണ സഹകരണം ലഹരിനിര്മാര്ജന പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സര്ക്കാരിന് ഉണ്ടാകും.
വയനാട്-വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട്-വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില് 80 ഭവനനിര്മാണങ്ങള് വിലങ്ങാട് ഉരുള്പൊട്ടല് ദുരന്തത്തില് വീടുകള് നഷ്ടപ്പെട്ടവര്ക്കുവേണ്ടി പൂര്ത്തിയാക്കാനായത് അഭിമാനകരമാണ്. 180 ഭവനങ്ങള് നിര്മിക്കാന് ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. ഈ വലിയ പദ്ധതിക്ക് കരുത്തു പകര്ന്നവർക്ക് നന്ദി.
മുനമ്പത്ത് വാഗ്ദാനം പാലിക്കണം
മുനമ്പം ജനതയുടെ ഭൂസ്വത്തിനുമേലുള്ള റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങളെ കെസിബിസി പിന്തുണയ്ക്കുന്നു. പ്രശ്നങ്ങള് എത്രയും വേഗം പരിഹരിച്ച് ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്ക്കാര് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആശുപത്രികളിലെ സമരങ്ങളും പ്രതിസന്ധികളും
സര്ക്കാര് നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനേക്കാള് കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില് ശമ്പളവര്ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള് പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്ത്തനങ്ങള് ദുര്ബലപ്പെടുത്താനുള്ള നീക്കമാണ്. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പളപരിഷ്കരണം ചികിത്സച്ചെലവ് സാധാരണക്കാര്ക്കു താങ്ങാനാകാത്ത വിധത്തില് വര്ധിക്കാനും ആശുപത്രിയുടെ പ്രവര്ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്ക്കാരിന്റെ സഹായമില്ലാതെ പ്രവര്ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്, 2026 മാര്ച്ചില് പ്രസിദ്ധീകരിച്ച, ശമ്പളപരിഷ്കരണത്തിന്റെ കരട് രേഖയില് ലഭിച്ച നിര്ദേശങ്ങള് പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. അതുവഴി പ്രശ്നങ്ങള് പരിഹരിക്കണം.
കഴിഞ്ഞ നാളുകളില് കണ്ടതുപോലെ ചില ആശുപത്രികള് കേന്ദ്രീകരിച്ചു മിന്നല് പണിമുടക്കുകള് ഉണ്ടാകുകയും നൂറുകണക്കിന് രോഗികള് പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാന് ആവശ്യമായ കര്ശന നടപടികളും സര്ക്കാര് സ്വീകരിക്കണം.
തീരദേശം, മത്സ്യത്തൊഴിലാളികള്
ഓരോ വര്ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാക്രമണവും വര്ധിക്കുന്നതിനനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങള് കൂടുതല് പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന് ആവശ്യമായ നടപടികള് സര്ക്കാര് അടിയന്തരമായി കൈക്കൊള്ളണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷത വഹിച്ച യോഗത്തില് സീറോമലബാര്, സീറോമലങ്കര, ലത്തീന് രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന് മാർപാപ്പ പ്രഖ്യാപിച്ച ഫ്രാന്സിസ്കന് വര്ഷാചരണത്തിന്റെ ചൈതന്യം ഉള്ക്കൊണ്ട് ഒത്തുചേര്ന്ന മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള് ചര്ച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ. തോമസ് തറയില് അറിയിച്ചു.
മലയോരജനതയുടെ അതിജീവന പ്രതിസന്ധി പ്രധാനം
മലയോര പ്രദേശങ്ങളില് ജീവിക്കുന്ന ജനങ്ങള് നേരിടുന്ന അതിജീവന പ്രതിസന്ധികള് അതീവശ്രദ്ധ അര്ഹിക്കുന്നതാണെന്ന് കെസിബിസി. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്ഷികമേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കര്ഷകരും കൃഷിയും നേരിടുന്ന പ്രതിസന്ധികള് ആഴത്തില് പഠിച്ച് കാര്ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഉതകുന്ന പദ്ധതികള് തയാറാക്കാനും നടപ്പില് വരുത്താനും പുതിയ സര്ക്കാരിനാകണം.
കാര്ഷികമേഖലകളില് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്, വന്യമൃഗശല്യം, മലയോരമേഖലകളില് അവശ്യനിര്മിതികള്ക്കുപോലും നിയമതടസങ്ങള് ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില് ഗൗരവപൂര്ണമായ സര്ക്കാര് ഇടപെടലുകള് ഉണ്ടാകണം.
പുതിയ വനംമന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള് വന - മലയോര മേഖലകളില് ജീവിക്കുന്ന സാധാരണക്കാര്ക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങള് ദിനംപ്രതി വര്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില് ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള് സ്വീകരിക്കാനും വനംവകുപ്പ് തയാറാകണം. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്കിക്കൊണ്ട് വനം-വന്യജീവി സംരക്ഷണ നിയമത്തില് ഉചിതമായ പരിഷ്കരണങ്ങള് വരുത്തണം. വനം സംബന്ധമായി ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്ക്കാര് അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്ക്കെടുക്കണമെന്നും കെസിബിസി അഭ്യർഥിച്ചു.
Kerala
കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സിപിഎം നേതാക്കൾ തന്നെ നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റെതാണ് കണ്ടെത്തൽ.
ബ്രഹ്മഗിരിയിൽ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു. കോടികൾ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു. ബ്രഹ്മഗിരിയിലെ ഇടപാടുകൾ പലതും സംശയാസ്പദമാണ് കൃത്യമായ രേഖകൾ പോലും ഇല്ലാതെ ഇടപാടുകൾ നടത്തി.
സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചതിലും കൃത്യതയില്ല നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്മഗിരിയിലെ ആളുകൾക്ക് തന്നെ വായ്പയായും അഡ്വാൻസായി നൽകിയെന്നും റിപ്പോര്ട്ടില് പരാമർശം ഉണ്ട്.
ക്രമക്കേടുകൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി. 2023ല് സമർപ്പിച്ച റിപ്പോർട്ട് ബ്രഹ്മഗിരി നേതൃത്വം പുറത്തുവിട്ടിരുന്നില്ല.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് അഭ്യന്തരമന്ത്രിക്ക് റിപ്പോര്ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്ട്ടി ഓഫീസില് കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്ട്ടിലുണ്ട്.
സംഭവത്തില് ഡിജിപി ഉള്പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്പി സ്കൂളില്നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന് മറിഞ്ഞ് അധ്യാപകരുള്പ്പെടെ ഒമ്പതുപേര് മരിച്ച സംഭവത്തില് ഹൈക്കോടതി റിപ്പോര്ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര് കാബിനില് അനധികൃതമായി ഫ്ലാഷ് ലൈറ്റുകള് ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
കഴിഞ്ഞ മാസം 17ന് വാല്പ്പാറയിലെ ഹെയര്പിന് വളവിലാണ് വാന് മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര് പോസ്റ്റ് ചെയ്ത വീഡിയോകളില് മിന്നുന്ന ലൈറ്റുകള് കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള് സ്ഥാപിക്കുകയോ ചെയ്താല് നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സമിതി ജൂലൈ ആദ്യം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.
169 സീറ്റിൽ മത്സരിച്ചെങ്കിലും 59 സീറ്റ് മാത്രമാണ് ഡിഎംകെയ്ക്കു ലഭിച്ചത്.
Kerala
ഗാന്ധിനഗർ: കോട്ടയം മെഡിക്കല് കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.
ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ മരണപ്പെട്ടത്.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള് പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്കിയിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് .പി. പുന്നൂസ് നിയോഗിച്ച വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി.
പ്രസവവേളയിൽ തികച്ചും അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഗുരുതരവും സങ്കീർണവുമായ അമ്നിയോട്ടിക്ക് ഫ്ലൂയിഡ് എംബോളിസം സംഭവിച്ചതാണ് മരണ കാരണമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താന് വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള തിരുത്തൽ പാർട്ടിയുടെ എല്ലാത്തലത്തിലും വേണമെന്നാണ് ആവശ്യം.
പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങളെ സമീപിച്ചുകൊണ്ടുളള പ്രതികരണങ്ങൾ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലായിരുന്നില്ല. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം.
സംസ്ഥാന സമിതിയിൽ സിപിഐക്കെതിരെയും സിപിഎം രൂക്ഷ വിമർശനം ഉയർത്തി. പി.എം.ശ്രീ പദ്ധതിയിൽ അടക്കം സിപിഐ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫിന് ശക്തിപകരുന്നതായെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് എമ്മിനും വിമർശനമുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണി വിടാനൊരുങ്ങിയ നീക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില് വി.ഡി. സതീശനെ ഉയര്ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില് റിപ്പോര്ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്ട്ട് നല്കണമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റികള്ക്ക് നിര്ദേശം നല്കി.
കോണ്ഗ്രസ് ഹൈക്കമാന്ഡ് നിര്ദേശപ്രകാരമാണ് നടപടി. പ്രകടനത്തില് പങ്കെടുത്തവരുടെ വിവരങ്ങള് കൈമാറണമെന്നും കെപിസിസി നിര്ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.
ഇടുക്കിയില് സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില് നിന്നും നീക്കിയിരുന്നു. ഹൈക്കമാന്ഡ് നിര്ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ പ്രതികരിച്ചത്.
മറ്റിടങ്ങളില് നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന് പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്ശിച്ച് ഡീന് കുര്യാക്കോസ് രംഗത്തെത്തിയിരുന്നു.
കോണ്ഗ്രസ് പ്രവര്ത്തകര് ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്ക്കൊള്ളണം. പ്രവര്ത്തകരെ പദവികളില് നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന് കുര്യാക്കോസിന്റെ വിമര്ശനം.
National
ഗാന്ധിനഗർ: അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിന് സമീപം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പൗരന്മാരും അപകടത്തിൽപ്പെട്ടതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകൾ അന്വേഷണ റിപ്പോർട്ടിന്മേൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. "ഏതൊരു രാജ്യത്തിനും സംഘടനയ്ക്കും ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാം. അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയും സുതാര്യവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ 171 ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കൽ കോളേജ് സമുച്ചയത്തിലേക്കാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപെടെ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണയുടനെ തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. വിമാനാപകടത്തിന്റെ കൃത്യമായ കാരണം റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്
Kerala
കൊച്ചി: സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില് 13 ശതമാനം വര്ധനയെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്ഐ) പഠനറിപ്പോര്ട്ട്.
കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്ന്ന ലഭ്യതയാണിത്. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വര്ഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്.
മത്തിക്കുപുറമെ കിളിമീന്, കണവ, കൂന്തല്, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്ധനയുണ്ടായി. എന്നാല് തിരിയാന്, ചെമ്മീന്, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാല് അയില (62,269 ടണ്), കൊഴുവ (43,917 ടണ്), കിളിമീന് (43,184 ടണ്), ചെമ്മീന് (40,443 ടണ്) എന്നിവയാണു സംസ്ഥാനത്ത് കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതല് ലഭിച്ച മത്സ്യയിനങ്ങള്.
ശക്തമായ മഴയും ചരക്കുകപ്പല് അപകടവും കാരണം മേയ്, ജൂണ് മാസങ്ങളില് തെക്കന് ജില്ലകളില് മത്സ്യബന്ധന ദിവസത്തില് കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല് മീന് ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാര്ബറുകളില് കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്.
എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണു മത്തിപോലുള്ള ചെറിയ മീനുകള്ക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആര്ഐ ഡയറക്ടര് ഡോ. ഗ്രിന്സണ് ജോര്ജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്ഷം ഇന്ത്യന് തീരങ്ങളില്നിന്നു പിടിച്ചത് 35.7 ലക്ഷം ടണ് മത്സ്യമാണെന്നാണ് സിഎംഎഫ്ആര്ഐയുടെ പഠനറിപ്പോര്ട്ടിലുള്ളത്. മുന് വര്ഷത്തേക്കാള് രാജ്യത്തു മൂന്ന് ശതമാനത്തിന്റെ വര്ധനയുണ്ടായി.
ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്നാടാണ്. 6.85 ലക്ഷം ടണ്. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടു ശതമാനം വര്ധനയോടെ കേരളം മൂന്നാം സ്ഥാനം നിലനിര്ത്തി. കേരളത്തിലേതു 6.24 ലക്ഷം ടണ്ണാണ്.
രാജ്യത്താകെ അയിലയാണ് ഏറ്റവും കൂടുതല് ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്). സമുദ്ര മത്സ്യോത്പാദനത്തില് കര്ണാടകയില് 44 ശതമാനവും മഹാരാഷ്ട്രയില് 18 ശതമാനവും വര്ധന രേഖപ്പെടുത്തി.
സമുദ്രമത്സ്യ മേഖലയില്നിന്നുള്ള വരുമാനത്തിലും വര്ധനയുണ്ടായി. രാജ്യത്താകെ ലാന്ഡിംഗ് സെന്ററുകളില് 69,254 കോടി രൂപയും (10.45 ശതമാനം വര്ധന) ചില്ലറ വിപണിയില് 97,702 കോടി രൂപയും (8.43 ശതമാനം വര്ധന) വിറ്റുവരവുണ്ടായി.
Kerala
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിനു പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനോടാണു റിപ്പോർട്ട് തേടിയത്.
കുസാറ്റിലെ വിദ്യാർഥിനികൾക്കൊപ്പം സ്വകാര്യ ഹോസ്റ്റലിലായിരുന്നു കെ. എസ്. ദർശന താമസിച്ചിരുന്നത്. ഏഴാം സെമസ്റ്ററിൽ 50 ക്രെഡിറ്റ് സ്കോർ വേണ്ടിടത്ത് ദർശനയ്ക്ക് 43 ക്രെഡിറ്റേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ജൂണിൽ സപ്ലിമെന്ററി പരീക്ഷ എഴുതിയാലേ തുടർവിദ്യാഭ്യാസം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ.
ജയിച്ച മറ്റു കുട്ടികൾ ബുധനാഴ്ച കൂട്ടായ്മ നടത്തി പിരിഞ്ഞു. ഒരാൾ മാത്രം തോറ്റതിലുള്ള മനോവിഷമത്തിൽ ദർശന ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് സംശയിക്കുന്നു.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിലയിരുത്തുന്നതിനായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ എപ്പിസ്കോപ്പൽ മെംബറുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാരിന്റെ മുമ്പിൽ ഉന്നയിച്ചതുമുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം അനുസ്മരിച്ചു.
കമ്മീഷൻ റിപ്പോർട്ടിലെ പ്രതിപാദ്യവിഷയങ്ങൾ സമുദായാംഗങ്ങളിൽ ഏവരിലും എത്തിക്കാനുള്ള ഊർജിതശ്രമങ്ങൾ രൂപതകൾ നടത്തണമെന്ന് പഠനശിബിരത്തിൽ സമാപനസന്ദേശം നൽകിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർദേശിച്ചു. കമ്മീഷൻ റിപ്പോർട്ട് സഭകളുമായി ആലോചിച്ചു നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ രൂപതകളിലെ വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. ജോസഫ് വെള്ളമറ്റം എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ചർച്ചകൾ നയിച്ചു.
സീറോമലബാർ സഭാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കാർപ്പ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളിൽനിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പഠനശിബിരത്തിൽ പങ്കെടുത്തു. കമ്മീഷൻ ശിപാർശകൾ സമയബന്ധിതമായി സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: വോട്ടിനു പണം നൽകിയെന്ന ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരായ പരാതിയിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനു സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കൈമാറിയതായി കളക്ടർ അറിയിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ, പണം ലഭിച്ചുവെന്നാരോപണമുയർന്ന വയോധിക എന്നിവർ നൽകിയ മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
കൊച്ചി: കിഴക്കമ്പലത്തെ ജംഗിൾ പാര്ക്കിലെ ചാലിൽ വീണ് അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ആർഡിഒ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്ട്ട് നൽകണമെന്നാണ് നിർദ്ദേശം.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് അലക്സാണ്ടര് തോമസിന്റേതാണ് ഉത്തരവ്. അതിനിടെ പാര്ക്കിന് അനുമതി നൽകിയ ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ചൊവ്വാഴ്ചയാണ് പാര്ക്കിലെത്തിയ അഞ്ചുവയസുകാരൻ മുഹമ്മദ് ആദം പാര്ക്കിനോട് ചേര്ന്നുള്ള ചാലിൽ വീണ് മരിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
Kerala
ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തില് ദേശീയ പട്ടികജാതി കമ്മീഷന് റിപ്പോര്ട്ട് തേടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്ട്ട് നല്കണമെന്ന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കി.
ബിജെപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നിതിന്റെ മരണത്തില് കൂടുതല് അധ്യാപകര്ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്ക്ക് പുറമെ കമല് എന്ന ഹോസ്റ്റല് വാര്ഡനും, ലതയെന്ന അധ്യാപികയ്ക്കും മരണത്തില് പങ്കുണ്ടെന്ന് നിതിന് പിതാവ് ആരോപിച്ചു.
അന്വേഷണത്തിൽ പോലീസ് വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്യു - എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്ജിനെ കണ്ണൂരില് ആക്രമിച്ചെന്ന കേസില് ഡിവൈഎസ്പിതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല് നല്കിയ ഹര്ജിയില് ഹൈക്കോടതി കണ്ണൂര് റെയില്വേ പോലീസിനോടു റിപ്പോര്ട്ട് തേടി.
കേസില് നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്ജിക്കാരന്റെ ആവശ്യം.
ഹര്ജി പരിഗണിച്ച ജസ്റ്റീസ് കൗസര് എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്കണമെന്നു നിര്ദേശം നല്കി.
ഹര്ജി വേനലവധിക്കുശേഷം പരിഗണിക്കാന് മാറ്റി. കഴിഞ്ഞ മാസം 25ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില് കയറാന് മന്ത്രി കണ്ണൂര് റെയില്വേ സ്റ്റേഷനില് എത്തിയപ്പോള് പ്രതികള് റെയില്വേ പരിസരത്ത് അതിക്രമിച്ചുകയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള് നിര്വഹിക്കുന്നതില്നിന്ന് തടയാനും ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതുസ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്ജി.
സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോകളില് ഒരു സമയത്തും പ്രതികളുടെ കൈകൾ മന്ത്രിയുടെ ദേഹത്തു സ്പര്ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു ഹര്ജി.
Kerala
കൊച്ചി: വന്യജീവി ആക്രമണങ്ങള് തടയാന് സംസ്ഥാന സര്ക്കാര് സ്വീകരിച്ച നടപടികള് വിശദീകരിക്കുന്ന റിപ്പോര്ട്ട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില് സമര്പ്പിച്ചു.
ഭൗതികമായ തടസങ്ങള് ഒരുക്കുക, ജനങ്ങളുടെ പെരുമാറ്റരീതികളില് മാറ്റം വരുത്തുക, വനമേഖലയിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക എന്നിങ്ങനെ മൂന്നു പ്രധാന കാര്യങ്ങളാണ് റിപ്പോര്ട്ടിലുള്ളത്.
ഇതിനൊപ്പം ആദിവാസി ക്ഷേമത്തിനും ഉപജീവനത്തിനും മുന്ഗണന നല്കുന്നുണ്ട്. ആറളത്തെയും വയനാട്ടിലെയും വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് ജസ്റ്റീസ് ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ഡിവിഷന് നേരത്തേ സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വന്യജീവി ആക്രമണങ്ങളെ 2024 മാര്ച്ചില് സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള് വേഗത്തിലാക്കാന് സാധിച്ചെന്നും റിപ്പോര്ട്ടിലുണ്ട്.
സംസ്ഥാനം, ജില്ല, പ്രാദേശികതലങ്ങളില് ഏകോപന സമിതികള് രൂപീകരിക്കുകയും ദുരന്തനിവാരണ നിധിയില്നിന്നുള്ള സഹായം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. റാപ്പിഡ് റസ്പോണ്സ് ടീമുകള്ക്ക് പ്രത്യേക കണ്ട്രോള് റൂമുകളും ടൂള് റൂമുകളും സജ്ജമാക്കി.
സൗരോര്ജ വേലികള് ഉള്പ്പെടെയുള്ളവയുടെ സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയും റിമോട്ട് മോണിറ്ററിംഗ് സംവിധാനവും ഏര്പ്പെടുത്താനും പദ്ധതിയുണ്ട്.
ആറളത്തെ പുനരധിവാസ മേഖലയില് കുടിവെള്ള വിതരണത്തിനായി 45 ലക്ഷം രൂപ അനുവദിച്ചതായും സര്ക്കാര് അറിയിച്ചു.
Kerala
പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. അടൂർ പോലീസ് റേഷനിംഗ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി.
എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേയ്ക്ക് ജയിച്ചപ്പോൾ ഇതേ വിലാസത്തിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീനാദേവി കുറ്റപ്പെടുത്തി.
അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു.
രാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്.
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞുവെന്നും 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ വസതിയിലെത്തിയ പോലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിൽ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു..
Kerala
കൊച്ചി: അങ്കമാലിയില് ബികോം വിദ്യാര്ഥിനി ജാസ്ലിയ ജോണ്സന്റെ വാഹനപകടത്തില് പ്രതി സിറിയക് പി. ജോര്ജിനെ പിടികൂടുന്നതില് പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്ട്ട്. നടപടിക്രമങ്ങള് കൃത്യമായി പാലിച്ചുവെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ കണ്ണുവെട്ടിച്ചാണെന്നും റിപ്പോര്ട്ടില് പറയുന്നു.
പ്രതിയെ പിടികൂടാന് കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോര്ട്ടിലുണ്ട്. എന്നാല് പോലീസ് പ്രതിയെ സംരക്ഷിക്കാന് ശ്രമിച്ചുവെന്നും കേസില് അലംഭാവം കാണിച്ചുവെന്നും ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറല് എസ്പി കെ. സുദര്ശന്റെ നിര്ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
ഫെബ്രുവരി 28ന് ആയിരുന്നു പാര്ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിയ ജാസ്ലിയയെ സിറിയക് ഇടിച്ചു തെറിപ്പിച്ചത്. സംഭവം നടന്ന് ഏഴാം ദിവസമാണ് സിറിയക്കിനെ വാഗമണ്ണില് നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില് ജാസ്ലിയയുടെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര് കോളജിലെ അധ്യാപകരും വിദ്യാര്ഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്ട്ടികളും അങ്കമാലി പോലീസ് സ്റ്റേഷനില് പ്രതിഷേധം നടത്തിയിരുന്നു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട് നടപ്പാക്കാനുളള സംസ്ഥാന സര്ക്കാരിന്റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറല് ബജറംഗ് ലാല് ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തില് പറഞ്ഞു.
രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തില് ഭരണഘടനാവിരുദ്ധവും ക്രൈസ്തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷന് റിപ്പോര്ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട് സംസ്ഥാന സര്ക്കാര് അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും.
ലത്തീന് കത്തോലിക്ക ബിഷപ്പുമാരുടെ ശിപാര്ശയനുസരിച്ച് ജാതി സര്ട്ടിഫിക്കറ്റ് നല്കാന് അനുവദിക്കുന്നത് വലിയതോതില് മതപരിവര്ത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാല് ബാഗ്ര ആരോപിച്ചു.
Kerala
കൊച്ചി: ചെറായിയിൽ 17 വയസുകാരനായ വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം മർദിച്ചതായി പരാതി. ചെറായി ഗുരുകുലം ട്യൂഷൻ സെന്ററിലാണ് സംഭവം.
ബുധനാഴ്ചയാണ് എടവനക്കാട് സ്വദേശിയായ വിഘ്നേഷിനെ ചെറായി യക്ഷിത്തറ ഭാഗത്തു വച്ച് സഹപാഠികൾ മർദിച്ചത്. വിഘ്നേഷിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
മുനമ്പം പോലീസ് റിപ്പോർട്ട് തയാറാക്കി എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലുപേരും പ്രായപൂർത്തി ആകാത്തവരായതിനാലാണ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മർദിച്ച സംഘത്തിലെ ഒരാളുമായി കുറച്ച് ദിവസം മുമ്പ് പറവൂർ വച്ച് വിഘ്നേഷ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.